ഓൺലൈൻ ഷെയർ ട്രേഡിങ്ങിൽ ഇരട്ടിത്തുക ലാഭം നൽകാമെന്ന് വാഗ്ദാനം ചെയ്ത് കണ്ണൂരിലെ ഒരു ഡോക്ടർക്ക് 4.43 കോടി രൂപ നഷ്ടമായി. സൈബർ പൊലീസിന് അടുത്തിടെ ലഭിച്ച ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് പരാതിയാണിത്. മട്ടന്നൂർ സ്വദേശിയായ ഡോക്ടറാണ് തട്ടിപ്പിന് ഇരയായത്.
വാട്സാപ്പ് വഴി ലഭിച്ച സന്ദേശത്തിലൂടെയാണ് ഡോക്ടർ വ്യാജ ഷെയർ ട്രേഡിംഗ് പ്ലാറ്റ്ഫോമിൽ നിക്ഷേപം നടത്തിയത്. വൻ ലാഭം വാഗ്ദാനം ചെയ്ത് തട്ടിപ്പുകാർ ഡോക്ടറെ പ്രേരിപ്പിക്കുകയായിരുന്നു. ആദ്യഘട്ടത്തിൽ ചെറിയ തുകകൾക്ക് ലാഭം ലഭിച്ചതോടെ ഡോക്ടർ കൂടുതൽ തുക നിക്ഷേപിക്കുകയായിരുന്നു.
തുടർന്ന് തുക പിൻവലിക്കാൻ ശ്രമിച്ചപ്പോൾ സാങ്കേതിക പ്രശ്നങ്ങളും മറ്റ് തടസ്സങ്ങളും പറഞ്ഞ് തട്ടിപ്പുകാർ ഒഴിഞ്ഞുമാറുകയായിരുന്നു. ഇതോടെയാണ് ഡോക്ടർക്ക് താൻ തട്ടിപ്പിന് ഇരയായെന്ന് മനസ്സിലായത്. സംഭവത്തിൽ സൈബർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇത്തരം തട്ടിപ്പുകൾക്കെതിരെ പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.